District News
അങ്കമാലി: വന്ധ്യംകരണം നടത്തുന്നതിന്റെ ഭാഗമായി മഞ്ഞപ്ര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന 40 ഓളം തെരുവ് നായ്ക്കളെ പിടികൂടി. ഇവയെ വടവുകോട് എബിസി സെന്ററിലേക്ക് മാറ്റി.
രൂക്ഷമായ നായ് ശല്യത്തിനെതിരെ നാട്ടുകാർ പഞ്ചായത്ത് അധികാരികളോട് പരാതിപെട്ടതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായത്. തുടർ ദിവസങ്ങളിലും നായ് പിടിത്തം തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത് അറിയിച്ചു.
പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ നായ് ശല്യമാണ് അനുഭവപ്പെടുന്നത്.രാവിലെ ആരാധനാലയങ്ങളിലേക്ക് പോകുന്നവരും നടക്കാൻ ഇറങ്ങുന്നവരും സ്കൂൾ കുട്ടികളും ഉൾപ്പെടെയുള്ളവർ നായ് ശല്യത്തെത്തുടർന്ന് ഏറെ ബുദ്ധിമുട്ടിലായിരുന്നു
Kerala
തിരുവനന്തപുരം: ചേങ്കോട്ടുകോണത്തു പോലീസുകാരിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന തെരുവു നായ്ക്കളെ കോര്പറേഷന് അധികൃതര്‍ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി.
പൂങ്കുളം വണ്ടിത്തടത്തിലുള്ള കോര്‍പറേഷന്റെ സംരക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഇന്നു രാവിലെ കോര്പറേഷന് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരുവുനായ്ക്കളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയത്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കോര്പറേഷന് മേയര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ പോലീസുകാരിയാണ് തെരുവ്നായ്ക്കളെ അവരുടെ വീട്ടില്‍ വളര്‍ത്തിവന്നിരുന്നത്. ഇത് വര്‍ഷങ്ങളായി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
അധികൃതര്‍ക്കു ജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. 70ല്‍പരം തെരുവുനായ്ക്കളെയാണ് പോലീസുകാരി വീട്ടില്‍ വളര്‍ത്തി വന്നിരുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ മേയര്‍ ഇടപെട്ടത്. മേയര്‍ വി.വി. രാജേഷ് പോലീസുകാരിയുമായി സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർനൂൽ ജില്ലയിൽ 100 തെരുവ് നായ്ക്കളെക്കൂടി കൊന്നതായി റിപ്പോർട്ട്.
കഴിഞ്ഞ ഡിസംബർ മുതൽ തെലുങ്കാനയിൽ നിരവധി തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതുവരെ കൊന്നൊടുക്കിയ നായ്ക്കളുടെ എണ്ണം 1,200 ആയതായും മൃഗസംരക്ഷണ പ്രവർത്തകർ പറയുന്നു.
ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്ത് സർപഞ്ചിന്റെ മകൻ ഉൾപ്പെടെ മൂന്നു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
തിമ്മൈപ്പള്ളി ഗ്രാമത്തിൽ നായ്ക്കളെ കൊല്ലുന്നവർക്ക് 18,000 രൂപ നൽകിയതായും വിഷം കൊടുത്താണ് നായ്ക്കളെ കൊന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
100 തെരുവ് നായ്ക്കളെ കൊന്ന് ഗ്രാമത്തിൽനിന്നും രണ്ടു കിലോമീറ്റർ അകലെ കുഴിച്ചിട്ടതായും മൃഗസംരക്ഷണ പ്രവർത്തകയായ പ്രീതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
National
ന്യൂഡൽഹി: തെരുവുനായ്ക്കളുടെ ആക്രമണം മൂലമുണ്ടാകുന്ന പരിക്കുകളുടെയും മരണത്തിന്റെയും ഉത്തരവാദിത്വത്തിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മാറിനിൽക്കാനാകില്ലെന്നും കനത്ത നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി.
തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്ന നായപ്രേമികൾക്ക് ഇതിന്റെ ബാധ്യതയുണ്ടാകുമെന്നും തെരുവുനായ്ക്കൾ അലഞ്ഞുതിരിഞ്ഞ് പൊതുജനങ്ങളെ ആക്രമിക്കുന്നതു തടയാൻ അവയെ സ്വന്തം വീടുകളിൽ പരിപാലിക്കുന്നതിന് കൊണ്ടുപോകണമെന്നും, നായ്ക്കളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരോട് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കര്‍മ പദ്ധതി ഉണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ നടന്ന വാദത്തിനിടയിലാണു ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരുടെ വാക്കാലുള്ള നിരീക്ഷണം.
തെരുവുനായ്ക്കൾക്കുവേണ്ടി നിരവധിപ്പേർ വാദം ഉന്നയിച്ചപ്പോഴും അവയുടെ ആക്രമണം നേരിട്ട മനുഷ്യർക്കുവേണ്ടി ആരും വാദിക്കുന്നത് കണ്ടില്ലെന്ന് കോടതി പറഞ്ഞു. തെരുവുനായ്ക്കളെ ദത്തെടുക്കുന്നതിന് നയം രൂപവത്കരിച്ചു നടപ്പാക്കണമെന്ന ഹർജിക്കാരുടെ വാദത്തോടു പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി. തെരുവുകളിലെ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നതിനെപ്പറ്റി ആരും വാദിക്കുന്നില്ല . പകരം നായ്ക്കളെ ദത്തെടുക്കുന്നതിനുവേണ്ടി നയം രൂപീകരിക്കാൻ ആവശ്യപ്പെടുന്നുവെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
താൻ ജഡ്ജിയായി ഉയർത്തപ്പെട്ടതിനുശേഷം 2011 മുതൽ ഒരു കേസുമായി കേൾക്കുന്ന ഏറ്റവും നീളം കൂടിയ വാദമാണ് തെരുവുനായ വിഷയത്തിൽ നടന്നതെന്നും എങ്കിലും ഇതിനിടയിൽ ഒരിക്കൽപ്പോലും ആരും മനുഷ്യർക്കുവേണ്ടി വാദിച്ചില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് സന്ദീപ് മേത്ത പറഞ്ഞു. തെരുവുനായ പ്രശ്നത്തിൽ കോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ട പല വാദങ്ങളും യാഥാർഥ്യത്തിനു നിരക്കാത്തതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളെയോ പ്രായമായവരെയോ നായ കടിക്കുന്നു. ഇവരുടെ പരിക്കിനും മരണങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാരുകളോടു കനത്ത നഷ്ടപരിഹാരം നല്കാന് ഞങ്ങള്‍ ആവശ്യപ്പെടും.
നായ്ക്കള്‍ ഒന്‍പത് വയസുള്ള കുട്ടിയെ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിയാകേണ്ടത്? അവയ്ക്കു ഭക്ഷണം നല്കുന്ന സംഘടനയാണോ? ഈ പ്രശ്നത്തിനു നേരേ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു -കോടതി പറഞ്ഞു.
ഗുജറാത്തില്‍നിന്നുള്ള ഒരു അഭിഭാഷകനെ ഒരു പാര്‍ക്കില്‍ വച്ച് നായ കടിച്ചപ്പോള്‍ പിടിക്കാന്‍ പോയവരെയും ആക്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രശ്നം ആയിരം മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നായപ്രേമികളുടെ വാദമാണ് നാലു ദിവസമായി സുപ്രീംകോടതിയിൽ നടന്നത്. കേസിൽ ഈ മാസം 20നുശേഷം വാദം തുടരും.
District News
ആലപ്പുഴ: തെരുവുനായ ശല്യം രൂക്ഷമായ ആലപ്പുഴയില്‍ ഇവ സെമിത്തേരികളും കൈയടക്കുന്നു. കല്ലറകള്‍ക്ക് മുകളില്‍ കാഷ്ടിക്കുകയും കുഴി മാന്തി വൃത്തികേടാക്കുകയും ചെയ്യുന്നത് പതിവാകുകയാണ്. സെമിത്തേരിയില്‍ പ്രാര്ഥിക്കാനെത്തുന്നവരെയും ആക്രമിക്കുകയാണിവ. അവശിഷ്ടങ്ങള്‍ വലിച്ചിടുന്നതും കാഷ്ടിക്കുന്നതും ആരോഗ്യപ്രശ്നവും രൂക്ഷമാക്കുന്നു.
കുഴികള്‍ മാന്തുന്നതിനാല് ഇവിടങ്ങളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. പുതുതായി സംസ്കാരം നടത്തിയ കല്ലറകള്‍ക്കു ചുറ്റും നായ്ക്കള്‍ മണ്ണുമാന്തി വൃത്തികേടാക്കുകയാണ്.
വൃദ്ധരും കുട്ടികളും പട്ടികളുടെ ആക്രമണഭീഷണിയിലാണ്. കൂട്ടമായെത്തുന്ന നായ്ക്കള്‍ പലപ്പോഴും വിശ്വാസികളെ ഓടിക്കുകയും കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സന്ധ്യാസമയങ്ങളില്‍ സെമിത്തേരിയിലേക്കു പോകാന്‍ പോലും ഭയപ്പെടേണ്ട അവസ്ഥയാണെന്ന് ഇടവകാംഗങ്ങള്‍ പരാതിപ്പെടുന്നു.
നഗരസഭയില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് വിശ്വാസികളുടെ ആക്ഷേപം. സെമിത്തേരികളുടെ മതിലുകള്‍ ചാടിക്കടന്നും വിടവുകളിലൂടെയുമാണ് നായ്ക്കള്‍ അകത്തേക്കു പ്രവേശിക്കുന്നത്. വന്ധ്യംകരണ പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതും നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി.
ഈ വിഷയത്തില്‍ അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്നും സെമിത്തേരികളില്‍ തെരുവുനായ്ക്കളുടെ പ്രവേശനം തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
National
ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസില്‍ മൃഗസ്നേഹികള്‍ക്ക് രണ്ടാം ദിവസവും സുപ്രീംകോടതിയുടെ വിമര്‍ശനം. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസില്‍ മൃഗസ്നേഹികളും ക്ഷേമ പ്രവര്‍ത്തകരും എബിസി (ആനിമല്‍ ബെര്‍ത്ത് കണ്ട്രോൾ) നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നടപടിക്കുറവ് മൂലം ജനങ്ങള്‍ കഷ്ടപ്പെടേണ്ടതുണ്ടോ എന്നാണ് കോടതി ചോദിച്ചത്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വാക്സിനേഷന് ചെയ്ത് തിരിച്ചുവിടുന്ന മാതൃക ഫലപ്രദമാണെന്ന് സീനിയര്‍ അഭിഭാഷകരായ നകുല്‍ ദിവാൻ, കരുണ നന്ദി, ശ്യാം ദിവാന് തുടങ്ങിയവര്‍ വാദിച്ചു. ഐ.ഐ.ടി ഡല്‍ഹി ക്യാമ്പസിലെ മാതൃക ഉദാഹരണമായി ചൂണ്ടിക്കാട്ടിയ കരുണ നന്ദി, അവിടെ എബിസി പ്രോഗ്രാം ശക്തമായി നടപ്പാക്കിയതോടെ മൂന്ന് വര്‍ഷമായി റാബീസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തെരുവുനായ അക്രമങ്ങള്‍ ഇല്ലാതായെന്നും ചൂണ്ടിക്കാട്ടി. മൈക്രോചിപ്പിംഗ്, ജിയോ ടാഗിംഗ് എന്നിവയും തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദമാണെന്ന് അവര്‍ പറഞ്ഞു.
പെറ്റ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ശ്യാം ദിവാന് തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ 96 എബിസി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല മുനിസിപ്പല്‍ അധികൃതരും കോടതി ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണന് ചൂണ്ടിക്കാട്ടി.
രാജ്യത്താകെ തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ഷെല്‍ട്ടറുകള്‍ വിരലിലെണ്ണാവുന്നതാണെന്നും ഡല്‍ഹി യൂണിവേഴ്സിറ്റി ലോ ഫാക്കല്‍റ്റി വിദ്യാര്‍ഥികള്‍ നടത്തിയ സെന്‍സസ് ഉദാഹരിച്ച് അഭിഭാഷകര്‍ പറഞ്ഞു.
എന്നാല്‍ ആശുപത്രികൾ, സ്കൂളുകള്‍, കോടതി തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവുനായ്ക്കളുടെ സാന്നിധ്യം അനുവദിക്കണമോ എന്നാണ് ബെഞ്ച് ചോദിച്ചത്. ഭയമുള്ള മനുഷ്യരെ നായ്ക്കള്‍ക്ക് തിരിച്ചറിയാം, ഇത്തരക്കാരെയാണ് അവര്‍ കടിക്കുന്നതെന്നും ജസ്റ്റിസ് വിക്രം നാഥ് നിരീക്ഷിച്ചു.
അധികൃതര്‍ എബിസി നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ജനങ്ങള്‍ കഷ്ടപ്പെടേണ്ടതുണ്ടോയെന്നും തങ്ങള്‍ക്ക് ഈ വിഷയത്തില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും ബെഞ്ച് ആവര്‍ത്തിച്ചു. കേസില്‍ വെള്ളിയാഴ്ച വീണ്ടും വാദം തുടരും
National
സെന്‍സസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും കഴിഞ്ഞു, ഇനി തെരുവുനായ്ക്കളെ എണ്ണണം - ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല !
പാറ്റ്ന: ബിഹാറിലെ അധ്യാപകര്‍ക്ക് പഠിപ്പിക്കല്‍ മാത്രമല്ല, ഇനി മറ്റൊരു 'പ്രധാന ജോലി' കൂടി! ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ഇപ്പോള്‍ തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവ്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ സാസാരാം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്.
മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്കൂളുകളും ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ഈ നോഡല്‍ ഓഫീസര്‍ സ്കൂള്‍ പ്രദേശത്തും പരിസരത്തും ഉള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ എന്നിവ ശേഖരിച്ച് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് നിര്‍ദേശം.
സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സാസാരാം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. എന്നാല്‍ പഠിപ്പിക്കലിന് പകരം ഇത്തരം ജോലികള്‍ ഏല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 'ബിഹാറിലെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ പ്രതിസന്ധിയിലാണ്, ഇതിനിടെ ഇത്തരം ചുമതലകള്‍ അധ്യാപക ദിനചര്യയെ താറുമാറാക്കും' എന്നാണ് പ്രതികരണങ്ങള്‍.
സുപ്രീംകോടതിയുടെ 2025 നവംബര്‍ ഏഴിലെ ഉത്തരവ് പ്രകാരം സ്കൂളുകൾ, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ ഇത്തരം 'അധിക ഡ്യൂട്ടികൾ' അധ്യാപകര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്നതായാണ് വിമര്‍ശനങ്ങൾ.
District News
കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളം മേഖല തെരുവുനായ്ക്കൾ കൈയടക്കി. ഏറെ ഭയപ്പാടോടെയാണ് ജനങ്ങൾ നിരത്തിലൂടെ സഞ്ചരിക്കുന്നത്. കായംകുളം പട്ടണത്തിലും പരിസര പ്രദേശങ്ങളായ കരീലക്കുളങ്ങര, പത്തിയൂർ, കുറ്റിത്തെരുവ്, എരുവ, കൊറ്റുകുളങ്ങര, ഐക്യ ജംഗ്ഷൻ, ചക്കാലമുക്ക്, കോയിക്കപ്പടി എന്നിവിടങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
മെയിൻ റോഡുകളിലും ഇടവഴികളിലും തെരുവുനായ്ക്കൾ കൂട്ടത്തോടെ താവളമാക്കിയിരിക്കുകയാണ്. കൂടാതെ വളർത്തുമൃഗങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്.
കായംകുളത്ത് കഴിഞ്ഞദിവസം തെരുവുനായയുടെ ആക്രമണത്തിൽ ആറുവയസുകാരൻ ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
മേടമുക്ക് ജംഗ്ഷനിലും വിക്ടോബ ക്ഷേത്ര ത്തിനു സമീപവും റോഡിലൂടെ നടന്നുപോയവർക്കും വീടിനു മുന്നിൽനിന്നവർക്കും നേരെയാണ് തെരുവുനായ്ക്കൾ ആക്രമണം നടത്തിയത്.
മാർക്കറ്റിലേക്കു പോയവരും പ്രദേശത്തെ കടകളിലെ ജീവനക്കാരുമാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ കായംകുളം സ്വദേശികളായ നസീർ, സരള, ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി സൈജു, ആറു വയസുകാരൻ സഹദ് എന്നിവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഗുരതരമായി പരിക്കേറ്റ മറ്റുള്ളവരെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയിരുന്നു.
തുടർച്ചയായി നടക്കുന്ന തെരുവുനായ ആക്രമണങ്ങൾ പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ
Kerala
കണ്ണൂർ: മൂന്നു നായ്ക്കളെ സ്വന്തമായി വളർത്തുകയും 15 നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്കു മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നല്കുന്നതു നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം പ്രവർത്തി ക്കാമെന്ന് തെരുവുനായ്ക്കൾക്കു ഭക്ഷണം നല്കുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായശല്യം തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്കു വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എതിർകക്ഷിക്കെതിരേ നോട്ടീസ് നല്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദേശം നല്‍കിയത്.
District News
മൂന്നാർ: നഗരവും പരിസരവും തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായതോടെ ജനജീവിതം ദുരിതത്തിൽ. തെരുവുനായ്ക്കളുടെ ശല്യംമൂലം പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. സ്കൂളിൽ പോകുന്ന വിദ്യാർഥികളുടെ കാര്യമാണ് ഏറെ പരിതാപകരം. നായ്ക്കളുടെ ശല്യംമൂലം രാവിലെയും വൈകുന്നേരവും ഇവർക്കൊപ്പം പോകേണ്ട സ്ഥിതിയാണ് കുടുംബാംഗങ്ങൾക്കുള്ളത്. ടൗണിൽ ഇറങ്ങിയാൽ നായ്ക്കളുടെ കടിയേൽക്കാതെ തിരിച്ചുവരാൻ കഴിയില്ലെന്ന സ്ഥിതിയായിരിക്കുന്നു.
നൂറുകണക്കിന് ആഭ്യന്തര, വിദേശസഞ്ചാരികൾ ദൃശ്യഭംഗി നുകരാൻ എത്തുന്നസ്ഥലമാണിവിടം. ഇത്തരം സാഹചര്യത്തിലും തെരുവുനായ്ക്കളുടെ ശല്യത്തിൽനിന്നും ടൗണിനെ മോചിപ്പിക്കാൻ പഞ്ചായത്തോ മറ്റു സംവിധാനങ്ങളോ ചെറുവിരൽപോലും അനക്കുന്നില്ലെന്നതാണ് യാഥാർഥ്യം. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ശ്രമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ നടപടിയില്ലാത്ത സ്ഥിതിയാണുള്ളത്.
നായശല്യം വർധിച്ചതോടെ പകൽസമയത്ത് നഗരമധ്യത്തിൽ പോലും ഭയം കൂടാതെ നടക്കാൻ സാധ്യമല്ലാത്ത സാഹചര്യമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി 30 ഓളം പേർക്കാണ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരുടെ കൂട്ടത്തിൽ വിനോദസഞ്ചാരികളും സ്കൂൾ കുട്ടികളും ഉൾപ്പെടും. ഒരു വശത്ത് നായ്ക്കൾ നഗരത്തിൽ ഭീതി ജനിപ്പിക്കുന്പോൾ ജനവാസമേഖലകൾ വന്യജീവികളുടെ ആക്രമണ ഭീഷണിയിലാണ്.
കഴിഞ്ഞ ഏതാനും നാളുകളായി ദേവികുളത്തെ ജനവാസമേഖലകളിൽ പടയപ്പ പതിവായി എത്തുന്നത് ജനങ്ങളിൽ ഭീതിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ദേവികുളം ലോക്കാടിൽ റേഷൻകട തകർത്തിരുന്നു. പകൽസമയത്ത് കടുവയുടെയും പുലിയുടെയും സാന്നിധ്യം തേയിലത്തോട്ടങ്ങളിലും പതിവാണ്. ഇതുമൂലം കൊളുന്തെടുക്കാൻ പോകുന്ന തൊഴിലാളികൾ ഏറെ ഭയപ്പാടിലാണ്. നഗരത്തിലൂടെ ചുറ്റിത്തിരിയുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കണമെന്നും ജനവാസമേഖലകളിലെത്തുന്ന വന്യജീവികളിൽനിന്നു തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
National
അഹമ്മദാബാദ്: വിവാഹ ബന്ധത്തിന് വിലങ്ങുതടിയായി തെരുവുനായ്ക്കൾ. വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഹമ്മദാബാദ് സ്വദേശിയായ 41കാരനാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. തെരുവ് നായ്ക്കളോടുളള ഭാര്യയുടെ സ്നേഹം കാരണം തനിക്ക് അവഹേളനമുണ്ടായെന്നും ഇത് സമ്മർദത്തിലേക്കും പിന്നീട് ഉദ്ദാരണക്കുറവിലേക്കും വഴിതെളിച്ചെന്നും വിവാഹമോചന ഹർജിയിൽ ഭർത്താവ് ചൂണ്ടിക്കാട്ടി.
2006ലാണ് ദമ്പതികൾ വിവാഹിതരായത്. ഭാര്യ ഒരു തെരുവു നായയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഹർജിയിൽ പറയുന്നു. പിന്നീട് കൂടുതൽ തെരുവു നായകളെ ഭാര്യ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നു. പിന്നാലെ പാചകം ചെയ്യാനും നായ്ക്കളെ വൃത്തിയാക്കാനും അവയെ പരിപാലിക്കാനും ഭാര്യ ഭർത്താവിനെ നിർബന്ധിച്ചു. കിടക്കയിൽ ഉറങ്ങുന്നതിനിടെ ഒരു നായ തന്നെ കടിച്ചുവെന്നും നായ്ക്കള്‍ കാരണം അയൽക്കാർ തങ്ങൾക്കെതിരെ തിരിഞ്ഞുവെന്നും ഭർത്താവ് പറയുന്നു.
ഭാര്യ തന്നെ ഉപദ്രവിക്കുന്നത് തുടർന്നതോടെ 2017ൽ അഹമ്മദാബാദ് കുടുംബ കോടതിയിൽ വിവാഹമോചന കേസ് ഫയൽ ചെയ്തു. 2024 ഫെബ്രുവരിയിൽ കുടുംബ കോടതി ഹർജി തള്ളിക്കളഞ്ഞു, എന്നാൽ വിവാഹബന്ധം വീണ്ടെടുക്കാനാകാത്തവിധം തകർന്നുവെന്നും 15 ലക്ഷം രൂപ ജീവനാംശം നൽകണമെന്നും കാണിച്ച് ഭർത്താവ് അപ്പീൽ നൽകുകയായിരുന്നു.